കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി; 2 പേർ അറസ്റ്റിൽ

ആലപ്പുഴ: ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കൊച്ചി പൊലീസ് കേസെടുത്തു. രണ്ടു ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ ജയേഷ് ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് പൊലീസ് പിടിച്ചെടുത്തു. മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ട്. സംഭവത്തെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസ്ഥാന പൊലീസ് മേധാവി സംസാരിച്ചു.

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എറണാകുളം ആർടിഒ ജോജി പി. ജോസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ബസിന്റെ സർവീസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി. ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കും. കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖ പരിശോധിക്കുമെന്നു ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *