കേരളത്തിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 23ന് രാവിലെ 7 മുതൽ

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പരസ്യപ്രചാരണം ഇന്നു
വൈകിട്ട് ആറിന് അവസാനിക്കും. 2,61,51,534 വോട്ടർമാരാണുള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്പോൾ നടക്കും.

867 മോഡൽ പോളിങ് സ്‌റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. പ്രശ്‌നസാധ്യതയുള്ള 3621 ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. 35,193 വോട്ടിങ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ടു ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും. 227 സ്ഥാനാർഥികളിൽ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാർഥികൾ കൂടുതൽ– അഞ്ചു പേർ.

മലപ്പുറത്താണു കൂടുതൽ വോട്ടർമാർ– 31,36,191 പേര്‍. കുറവ് വയനാട് ജില്ലയിൽ– 5,94,177 പേര്‍. 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. രണ്ടു ബ്രെയിൽ സാംപിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും. 24,970 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകൾ– 2750. കുറവ് വയനാട്– 575.

ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിങ്ങുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സിവിജിൽ ആപ് വഴി ലഭിച്ചത്. സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് പ്രശ്‌നസാധ്യത വിലയിരുത്തിയിട്ടുണ്ട്– വയനാട്ടിൽ 72, മലപ്പുറത്ത് 67, കണ്ണൂരിൽ 39, കോഴിക്കോട് 41. പോളിങ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 1670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിംഗ് ഓഫീസർമാരുമുണ്ട്

സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്‌ട്രോങ് റൂമുകളാണുള്ളത്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും. 57 കമ്പനി കേന്ദ്രസേനയെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകൾക്ക് 12 കമ്പനി സിആർപിഎഫ് സുരക്ഷ ഒരുക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ്ബൂത്തുകളിൽ വിവിപാറ്റ് എണ്ണും

Leave a Reply

Your email address will not be published. Required fields are marked *