എൻ ഡി എ സർക്കാർ അധികാരത്തിലേറിയാൽ വിശ്വാസം സംരക്ഷിക്കാൻ പോരാടും: പ്രധാനമന്ത്രി

തിരുവനന്തപുരം : എൻ ഡി എ സർക്കാർ അധികാരത്തിലേറിയാൽ കോടതി മുതൽ പാർലമെന്റ് വരെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന എൻ ഡി എ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആചാരങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ അവലംബിക്കും. വിശ്വാസങ്ങളെ തകർക്കാൻ ഒരിക്കലും അനുവദിക്കില്ല.കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവൽക്കാരാകും.ഈശ്വരന്റെ പേര് ഉച്ചരിക്കാൻ പോലും കേരളത്തിൽ അനുവദിക്കുന്നില്ല.

അവസരവാദ പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റെയും,കമ്മ്യൂണിസ്റ്റിന്റെയും.കേരളത്തിൽ പരസ്പരം പോരടിക്കുകയും,ഡൽഹിയിൽ അധികാരത്തിലെത്താൻ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നു.ഇതാണ് ധാരണാ രാഷ്ട്രീയം.

ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നൽകാൻ വയനാട്` വരെ പോകേണ്ടതുണ്ടോ,തിരുവനന്തപുരത്തോ,പത്തനംതിട്ടയിലോ ചെന്നാൽ സന്ദേശം കൊടുക്കാം.ഇത് കോൺഗ്രസിന്റെ പ്രീണനനയമാണ്.അമേഠിയിലെ ഇല്ലാത്ത വികസനത്തിന്റെ കാഴ്ച്ചപ്പാടുമായാണ് കോൺഗ്രസ് കേരളത്തിലേക്കെത്തിയിരിക്കുന്നത്.

ഇന്ന് കരയിലും,ആകാശത്തിലും,ബഹിരാകാശത്തിലും ഇന്ത്യ സുരക്ഷിതമാണ്. ഈ കാവൽക്കാരൻ ശത്രുഭീഷണിയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പിന്തുണയും നൽകി കഴിഞ്ഞു.ഇത് നേരത്തെ ചെയ്യാൻ കഴിയുമായിരുന്നു,എന്നാൽ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിനു അതിനുള്ള ധൈര്യം ഇല്ലായിരുന്നു.എന്നാൽ ശാസ്ത്രജ്ഞന്മാരുടെ ധൈര്യം തകർക്കാനാണെങ്കിൽ കോൺഗ്രസിനു കഴിയും.

കേരളത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പിനാരായണനോട് കോൺഗ്രസ് കാട്ടിയതും ഇത്തരം നടപടിയാണ്.ഇതാണ് വാഗ്ദാനം മാത്രം നൽകുന്നവരും,തീരുമാനം നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസം.നമ്പി നാരായണനോട് കോൺഗ്രസ് കാട്ടിയ ക്രൂരത പൊറുക്കാൻ കഴിയില്ല.

കേരളത്തിലെ മുഖ്യമന്ത്രി പോലും അഴിമതിയുടെ നിഴലിലാണെന്ന് ലാവ്ലിൽ കേസ് പരാമർശിച്ച് മോദി പറഞ്ഞു.പ്രളയബാധിതർക്കുള്ള സാധനങ്ങൾ പോലും തട്ടിയെടുത്ത കമ്മ്യൂണിസ്റ്റുകളാണ് ഇവിടെയുള്ളത്. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയപ്പോൾ ഇവിടുത്തെ മത്സ്യതൊഴിലാളികളാണ് ജനങ്ങൾക്കൊപ്പമുണ്ടായിരുന്നത്.അവർക്കായി എല്ലാ സഹായങ്ങളും നൽകാൻ സർക്കാർ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു.

കരുത്തുള്ള ഒരു സർക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂ.അതിനായി കാവൽക്കാരന്റെ കൈകൾക്ക് കരുത്ത് പകരാൻ കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *