വെല്ലൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. മണ്ഡലത്തില്‍ കണക്കില്‍പ്പെടാത്ത പണമൊഴുക്ക് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

തമിഴ്‌നാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഏപ്രില്‍ 18 നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.

പണമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹുവിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കമ്മിഷന്റെ തീരുമാനം.

അനധികൃതമായുള്ള പണമൊഴുക്ക് വ്യക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്.

ദുരൈ മുരുകന്റെ അനുയായിയുടെ സിമെന്റ് ഗോഡൗണില്‍ നിന്നും 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളാണ് ആദായ നികുതി വകുപ്പ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന പണത്തിന്റെ ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് എത്തിച്ചതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *