കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ

തിരുവനന്തപുരം: വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കേരളത്തിലെ വോട്ടിംഗ് ശതമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗീതത്തിന്റെ വീഡിയോ സി ഡി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ 74.02 ആയിരുന്നു വോട്ടിംഗ് ശതമാനം. ഇത് 90 ശതമാനമാക്കാനാണ് ചീഫ് ഇലക്ടറൽ ഓഫീസർ ശ്രമിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ കേരളത്തിലെ പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മുന്നിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കാനായി നടത്തുന്ന നടപടികൾ അഭിനന്ദനീയമാണ്. വിവിപാറ്റ് മെഷീനുകൾ കേരളത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.

വോട്ടു ചെയ്യുക എന്നത് പൗരന്റെ കടമയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ച് എല്ലാവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാവണം. മനോഹരമായ തെരഞ്ഞെടുപ്പ് ഗാനമാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്നത്. വോട്ടർമാർക്ക് മികച്ച സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ എല്ലാ ജീവനക്കാർക്കുമായി ഗാനം അടുത്ത ദിവസം തന്നെ കാണിക്കുമെന്ന് ഗവർണർ പറഞ്ഞു. ജനാധിപത്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്‌സവമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഗാനത്തിന്റെ സി ഡി ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് നൽകിയാണ് ഗവർണർ പ്രകാശനം ചെയ്തത്. സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളും ഗവർണർ പ്രകാശനം ചെയ്തു. ഗാനം രചിച്ച മുൻ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാർ, സംഗീത സംവിധായകൻ മാത്യു ടി. ഇട്ടി, ടിഫാനി ബ്രാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഐക്കണുകളായി ഇ. ശ്രീധരൻ, കെ. എസ്. ചിത്ര എന്നിവരെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *