എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ

കൊച്ചി: സിറോ മലബാർ സഭ ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് കോടികളുടെ പിഴ ചുമത്തി. മൂന്ന് കോടി രൂപയാണ് എറണാകുളം – അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ ഇന്നലെ സഭ നേതൃത്വം ആദായ നികുതി വകുപ്പിൽ അടച്ചു. ഭൂമി കച്ചവടത്തിന്‍റെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്‍റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്. 60 സെന്‍റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി.

ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്. ആദ്യ ഘട്ട പിഴ സഭ സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ മാണിക്കത്താൻ ഇന്നലെ ആദായ നികുതി വകുപ്പിൽ അടച്ചിട്ടുണ്ട്.

അതീവ രഹസ്യമായാണ് പിഴസംഖ്യ ഒടുക്കിയത്. വൈദിക സമിതിയുമായി ആലോചിക്കാതെ നടത്തിയ ഈ നീക്കം സഭയിൽ പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്. ഭൂമി വിൽപ്പന നടത്താൻ നേതൃത്വം കൊടുത്ത് സാജു വർഗീസ്, ഭൂമി വാങ്ങിയ വി കെ ഗ്രൂപ്പ് എന്നിവർക്കും ആദ്യ നികുതി വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്.നഗരത്തിലെ അഞ്ചിടങ്ങളിലുള്ള ഭൂമി വിറ്റതിൽ ക്രമക്കേട് നടത്തിയെന്നായിരുന്നു സഭയിലെ തന്നെ ആഭ്യന്തര അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയത്. മറ്റ് നാലിടങ്ങളിലെ ഭൂമി വിൽപ്പനയെക്കുറിച്ച്കൂടി ആദായ നികുതി വകുപ്പ് അന്വേഷണം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *