ക്യാന്‍സര്‍ ചികിത്സയ്ക്കായി റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗിക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമിക് എനര്‍ജി വകുപ്പിന്റെ ബോര്‍ഡ് ഓഫ് റേഡിയേഷന്‍ ആന്റ് ഐസോടോപ്പ് ടെക്‌നോളജിയില്‍  നിന്നാണ് സോഴ്‌സ് പുനസ്ഥാപിക്കുന്നത്. ഒന്നര മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കും.

2006ല്‍ സ്ഥാപിച്ച കൊബാള്‍ട്ട് മെഷീന്‍ കാലദൈര്‍ഘ്യം കൊണ്ടും റേഡിയോ ആക്ടീവ് സോഴ്‌സിന്റെ ശേഷിക്കുറവു കൊണ്ടും പ്രതിദിനം 50 മുതല്‍ 60 പേര്‍ക്ക് മാത്രമാണ് റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ സാധിക്കുന്നത്. അതിനാലാണ് ഉടന്‍ തന്നെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിന് നടപടികളെടുത്തത്. റേഡിയോ ആക്ടീവ് സോഴ്‌സ് കൊബാള്‍ട്ട് മെഷീനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പുതിയ മെഷീന്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് വിശദമാക്കുന്നു. അതോടെ പ്രതിദിനം 100 ഓളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കാനാകും.

നിലവില്‍ 3,500 രോഗികളാണ് പ്രതിവര്‍ഷം ക്യാന്‍സര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലെത്തുന്നത്. അവരില്‍ തന്നെ 10 ശതമാനത്തോളം പേര്‍ക്ക് റേഡിയേഷന്‍ ചികിത്സ ആവശ്യമാണ്. പുതിയ ഒരു കൊബാള്‍ട്ട് മെഷീന്‍ വാങ്ങുന്നതിന് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *