നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ്; 25ന് ഹാജരാക്കണമെന്ന് ലണ്ടൻ കോടതി

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറന്റ്. വെസ്റ്റ്മിന്‍സ്റ്റർ കോടതിയാണ് നീരവിനെതിരെ വാറന്റ് പുറപ്പെടുവിച്ചതെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 25ന് നീരവ് മോദിയെ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണു നടപടി.

നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിരുന്നു. അടുത്ത ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യാമെന്നാണു ലഭിക്കുന്ന വിവരം. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഇന്ത്യയുടെ അപേക്ഷയിൽ ഒപ്പു വച്ചിരിക്കുന്നത്. അറസ്റ്റിനുപിന്നാലെ കേസിലെ വിചാരണയും തുടങ്ങും

കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ യുകെ ഇന്ത്യയ്ക്കു കൈമാറും. ഉത്തരവിനെതിരെ നീരവിന് അപ്പീൽ പോകാൻ സാധിക്കും. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.

>ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു നീരവിന്റെ മറുപടി. ലണ്ടനിലെ സോഹോയിൽ നീരവ് മോദി പുതിയ വജ്രവ്യാപാരം ആരംഭിച്ചതായും ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *