ന്യൂസിലാൻഡിൽ മുസ്ലീം പള്ളിക്കുള്ളിൽ നടന്ന വെടിവയ്‌പ്പിൽ 40 പേർ കൊല്ലപ്പെട്ടു; ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന

ഓക്‌ലാൻഡ്: ന്യൂസിലാൻഡിൽ മുസ്ലീം പള്ളിക്കുള്ളിൽ നടന്ന വെടിവയ്‌പ്പിൽ 40 പേർ കൊല്ലപ്പെട്ടു. ന്യൂസിലാൻഡിലെ സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലാണ് സംഭവം. വെള്ളിയാഴ്ച പ്രാർഥനയ്‌ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20ൽ അധികം പേർക്കു പരിക്കേറ്റു. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാർഥനയ്‌ക്കായി പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും വെടിവെപ്പുണ്ടായതോടെ ക്രിക്കറ്റ് താരങ്ങൾ പള്ളിയിൽ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്‌.

കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളിൽ വെടിവയ്‌പ്പ് നടത്തിയതെന്നാണ് വിവരങ്ങൾ. പൊലീസ് വരുന്നതിന് മുമ്പ് ഇയാൾ ഓടി രക്ഷപ്പെടുയും ചെ‌യ്‌തു. പള്ളിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. മദ്ധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. മൂന്നു പുരുഷൻമാരും സ്ത്രീയുമടക്കം നാലപേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്‌.

ന്യൂസിലൻഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പൊലീസ് നിർദേശമനുസരിച്ച് പൂട്ടി.

അതേസമയം ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീംപള്ളിയിലുണ്ടായ വെടിവയ്പിൽ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന. 9 സംഭവത്തിന് ശേഷം 9 ഇന്ത്യക്കാരെ കാണാനില്ലെന്ന റിപ്പോർട്ട്. ന്യൂസീലൻഡ് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നൽകാനാവില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.അതേസമയം രണ്ട് ഇന്ത്യക്കാർ മരിച്ചതായും ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *