റഫാൽ: നിർണായക റിപ്പോർട്ട് മോദി അവഗണിച്ചെന്ന് ആന്റണി

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി‌യുടെ ആരോപണങ്ങൾക്കു മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. റഫാൽ വൈ‌കാൻ കാരണം എൻഡിഎ ആണെന്നും യുപിഎ നിയോഗിച്ച മൂന്നംഗ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് അവഗണിച്ചാണ് മോദി കരാറുറപ്പിച്ചതെന്നും ആന്റണി ആരോപിച്ചു.

സിഎജി റിപ്പോർട്ട് ഉ‌ദ്ധരിച്ചായിരുന്നു ആന്റണിയുടെ പരാമർശങ്ങൾ. മോദി രാജ്യമാകെ കള്ളം പറഞ്ഞു നടക്കുകയാണ്. 2002 ൽ വ്യോമസേന ഉന്നയിച്ച ആവശ്യം വൈകിപ്പിച്ചത് അന്നത്തെ എൻഡിഎ സർക്കാരാണ്. റഫാൽ ഇടപാടു സംബന്ധിച്ചു ബിജെപിയിലെ മുതിർന്ന എംപിമാരും കരാർ ചർച്ച ചെയ്യുന്നതിനുള്ള സമിതിയും ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മൂന്നംഗ ഉന്നതാധികാര സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് താൻ ചെയ്തത്. ബിജെപിയിലെ തന്നെ സുബ്രഹ്മണ്യൻ സ്വാമിയും യശ്വന്ത് സിൻഹയും അടക്കമുള്ളവരായിരുന്നു പരാതിക്കാർ. പ്രതിരോധ മന്ത്രിയെന്ന നിലയിൽ തന്റെ കടമയാണ് അതിലൂടെ നിർവഹിച്ചത്. മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചതു 2015 ൽ എൻഡിഎ ഭരണകാലത്താണ്. അതു പാടെ അവഗണിച്ചാണ് മോദി കരാറുറപ്പിച്ചത്. യുപിഎ കാലത്താണ് ഈ റിപ്പോർട്ട് അവഗണിച്ചതെങ്കിൽ സിഎജിയും മാധ്യമങ്ങളും വെറുതെയിരിക്കുമായിരുന്നോ? നിയമമന്ത്രാലയം നൽകിയ ശുപാർശകളും സർക്കാർ അവഗണിച്ചുവെന്ന് ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *