സ്റ്റേഡിയത്തിലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്തു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാജ്യത്തെ  ക്രിക്കറ്റ് അസോസിയേഷനുകൾ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്തു.

പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നാണ് താരങ്ങളുടെ ചിത്രങ്ങൾ നീക്കിയത്. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് സ്റ്റേഡിയത്തിൽ നിന്നും നീക്കം ചെയ്തത്. ധീര സൈനികരോടുള്ള ആദര സൂചകമായാണ് നടപടിയെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

രാജസ്ഥാനിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലെ ഗ്യാലറിയിലുണ്ടായിരുന്ന പാക് താരങ്ങളുടെ ചിത്രങ്ങളും അസോസിയേഷൻ നീക്കിയിട്ടുണ്ട്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളിൽ നിന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *