ആറ്റുകാലമ്മയെ കാപ്പുകെട്ടി കുടിയിരുത്തി; പൊങ്കാലമഹോത്സവത്തിന് തുടക്കം

തിരുവനന്തപുരം: കുരുത്തോലപ്പന്തലില്‍ കണ്ണകീചരിതം തോറ്റംപാട്ടായി ശ്രുതിചേര്‍ക്കെ ശ്രീകോവിലില്‍ ദേവിയുടെ ഉടവാളിലും മേല്‍ശാന്തിയുടെ കൈയിലും കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തി. ഭക്തലക്ഷങ്ങള്‍ മഹനീയമാക്കിയ ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന് ഇതോടെ തുടക്കമായി.
ഇന്നലെ രാത്രി 10.20നാണ് ദേവിയുടെ ഉടവാളില്‍ മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തിയുടെ കൈയില്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടും കാപ്പുകെട്ടിയത്. ദേവിക്കു കാപ്പു നിര്‍മ്മിക്കുന്നതിന് അവകാശമുള്ള നെടിയവിള കുടുംബത്തില്‍നിന്നാണ് പഞ്ചലോഹനിര്‍മ്മിതമായ കാപ്പും നാരും ക്ഷേത്രത്തിലെത്തിച്ചത്. തോറ്റംപാട്ടില്‍ കൊടുങ്ങല്ലൂരമ്മയെ ക്ഷണിക്കുന്ന ഭാഗം എത്തിയപ്പോള്‍ വാദ്യമേളങ്ങളും കതിനവെടിയും മുഴങ്ങി. ഭക്തജനങ്ങള്‍ അമ്മേശരണം, ദേവീശരണം എന്ന് മനസുരുകി പ്രാര്‍ത്ഥിച്ച് കൈകൂപ്പി. തുടര്‍ന്നാണ് കാപ്പുകെട്ട് ചടങ്ങ് നടന്നത്.

ഒന്‍പതാം ഉത്സവദിവസമായ 20നാണ് പ്രസിദ്ധമായ പൊങ്കാല. പൊങ്കാല അര്‍പ്പിക്കാന്‍ 40 ലക്ഷത്തോളം ഭക്തര്‍ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടല്‍. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ക്ഷേത്രത്തില്‍ അവലോകനയോഗം ചേര്‍ന്നു. കലാപരിപാടികള്‍ വൈകിട്ട് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഇന്നുമുതല്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. ഉത്സവത്തിന്റെ മൂന്നാംദിവസമായ നാളെ മുതല്‍ കുത്തിയോട്ട വ്രതം ആരംഭിക്കും. 815 കുത്തിയോട്ടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാവിലെ 10.15ന് അടുപ്പ് വെട്ടോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് കുത്തിയോട്ടത്തിനുള്ള ബാലന്‍മാര്‍ക്ക് ചൂരല്‍കുത്ത് ആരംഭിക്കും. രാത്രി 11.15നാണ് പുറത്തെഴുന്നള്ളിപ്പ്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പൊലീസ് കണ്‍ട്രോള്‍ റൂം ഇന്നലെ തുറന്നു. നഗരത്തില്‍ സി.സി ടിവി നിരീക്ഷണവും ബൈക്ക് പട്രോളിംഗും കര്‍ശനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *