റഫാല്‍ ഇടപാടില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്തി, അനില്‍ അംബാനിക്കു മുന്‍കൂട്ടി കൈമാറിയെന്നു രാഹുല്‍ പറഞ്ഞു.
കരാറിനു പത്തു ദിവസം മുമ്പ് തനിക്കാണു കരാര്‍ ലഭിക്കാന്‍ പോകുന്നതെന്ന വിവരം അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. ഇതിനു തെളിവായി എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ സന്ദേശം രാഹുല്‍ പുറത്തുവിട്ടു.
അനില്‍ അംബാനി എങ്ങനെ വിവരമറിഞ്ഞുവെന്ന് തങ്ങള്‍ക്കറിയില്ലെന്ന് പ്രതിരോധമന്ത്രിയും എച്ച്എഎല്‍ ഉദ്യോഗസ്ഥരും വിദേശകാര്യ സെക്രട്ടറിയും പറയുന്നു. ഇതു ശരിയാണെങ്കില്‍ പ്രധാനമന്ത്രിയാണ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചത്.
പ്രധാനമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്നും ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനു മോദിക്കെതിരെ കേസെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തതു കൊണ്ടാണ് മോദി ജെപിസി അന്വേഷണം ഭയക്കുന്നത്. വിശദമായ അന്വേഷണം പ്രധാനമന്ത്രിക്കെതിരേ നടത്തണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.
സിഎജിക്കെതിരേയും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. റഫാല്‍ കരാറിന്റെ ഭാഗമായിരുന്ന ആളാണ് ഇപ്പോഴത്തെ സിഎജി. സിഎജി, ചൗക്കീദാര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *