വന്‍ കവര്‍ച്ചാ സംഘം പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ വന്‍ കവര്‍ച്ച സംഘം പിടിയില്‍. ഏഴംഗ സംഘത്തെയാണ് കസബ എസ്‌ഐ സിജിത്തും സൗത്ത് അസി കമ്മീഷണര്‍ എ ജെ ബാബുവിന്റെ കീഴിലുള്ള പ്രത്യേക സംഘവും ചേര്‍ന്ന് പിടികൂടിയത്. പത്ത് ബൈക്കുകളും മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. വാഹന പരിശോധനക്കിടയില്‍ വാഹനം നിര്‍ത്താതെ പോയ രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വന്‍ കവര്‍ച്ചാ സംഘത്തെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്.

പറമ്പില്‍കടവ് മാടത്തുംകണ്ടി മുഹമ്മദ് ആഷിക് (23), കോട്ടൂളി കണ്ണന്‍ചാലില്‍ നിധിന്‍ (22) എന്നിവരെയാണ് വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ പറമ്പില്‍ ബസാര്‍ അലീമ മന്‍സില്‍ ആഷിക് (19) വെള്ളിമാട്കുന്ന് നമ്പൂരിക്കണ്ടി അനീഷ് റഹ്മാന്‍ (20), എരഞ്ഞിക്കല്‍ പടിയിരിതാഴം ഫര്‍ദിന്‍ (19) എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തടമ്പാട്ട് താഴം ഇക്ബാല്‍ നിവാസില്‍ ഷാജഹാന്‍ (23), കാമ്പുറം ബീച്ച് തെങ്ങിലപറമ്പ് സെയ്ത് മുഹമ്മദ് (20) എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തതോടെ  നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന പിടിച്ചുപറി, മൊബൈല്‍ ഫോണ്‍ കവര്‍ച്ച എന്നിവക്ക് തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി മൊബൈലും പണവും കവര്‍ന്നതായും റോഡരികില്‍ ഉറങ്ങുന്നവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു. 10 ബൈക്കുകളും മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് ടൗണ്‍, കസബ, മെഡിക്കല്‍ കോളേജ്, നല്ലളം, കാക്കൂര്‍, ചേവായൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിന്ന് ബൈക്കുകള്‍ കവര്‍ന്നതെന്ന് പ്രതികള്‍ അറിയിച്ചു. പ്രതികളില്‍ ചിലര്‍ ഇതിനു മുമ്പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്തുന്നതെന്ന് പോലീസ്  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *