ഔദ്യോഗിക പദവിയേറ്റെടുത്ത് സജീവ രാഷ്ട്രീയത്തിനു പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവിയേറ്റെടുത്ത് സജീവ രാഷ്ട്രീയത്തിനു പ്രിയങ്ക ഗാന്ധി തുടക്കമിട്ടു. ഇന്നലെ വൈകിട്ടു 4 നു പാര്‍ട്ടി ആസ്ഥാനത്തെത്തി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക, യുപിയുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. ബൂത്ത് തലത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വൈകാതെ തുടക്കമിടുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്.
ഭര്‍ത്താവ് റോബര്‍ട് വാധ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഇറക്കിയ ശേഷമാണു പ്രിയങ്ക പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ആഘോഷങ്ങളില്ലാതെയായിരുന്നു ചുമതലയേറ്റെടുക്കല്‍.
എന്നാല്‍ വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ ജയ് വിളികളുമായി ഇരച്ചുകയറിയതു സുരക്ഷാ ജീവനക്കാരെ വലച്ചു. ഓഫിസില്‍ അര മണിക്കൂറോളം ചെലവിട്ട ശേഷം പുറത്തിറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഇന്നു ചേരുന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും. ഔദ്യോഗിക പദവിയില്‍ പ്രിയങ്കയുടെ ആദ്യ പാര്‍ട്ടി പരിപാടിയാവും അത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി. വേണുഗോപാലും പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയും ചുമതലയേറ്റു. രാവിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജെ.ഡി. സീലത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *