പ്രധാനമന്ത്രിയായിത്തന്നെ വീണ്ടും കശ്മീരില്‍ വരുമെന്ന് മോദി

ശ്രീനഗര്‍: വീണ്ടും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ ഞായറാഴ്ച തുടക്കംകുറിക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തുമെന്ന് ഉറപ്പു നല്‍കുന്നുവെന്ന് ലേയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം 75,000 കോടി രൂപയാണു കര്‍ഷകരിലേക്കെത്തുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
2008-09ല്‍ ആറ് ലക്ഷം കോടിയുടെ കാര്‍ഷിക കടങ്ങളില്‍ ഇളവു നല്‍കുമെന്നാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ 52,000 കോടി വരെ മാത്രമാണു എഴുതിത്തള്ളിയത്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതിനു മാത്രമാണു കോണ്‍ഗ്രസ് ഇത്തരം വാഗ്ദാനങ്ങള്‍ ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍ പദ്ധതി പൂര്‍ത്തിയായതോടെ വിനോദ സഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലെ ലഡാക് മേഖലയിലെ ആദ്യ സര്‍വകലാശാലയായി ലഡാക് സര്‍വകലാശാലയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ലേയിലും കാര്‍ഗിലിലും സര്‍വകലാശാലയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകള്‍ ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജമ്മുവിലെ വിജയ്പൂരിലും പുല്‍വാമയിലെ അവന്തിപോറിലും പ്രധാനമന്ത്രി എയിംസിനു തറക്കല്ലിടും. ജമ്മുവിലും ശ്രീനഗറിലും ലേയിലും പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു കശ്മീരില്‍ വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. ശ്രീനഗര്‍ ഉള്‍പ്പെടെയുടെ നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. പ്രധാന വിഘടനവാദി നേതാക്കളെല്ലാം ഇന്നലെ മുതല്‍ വീട്ടുതടങ്കലിലാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. എല്ലായിടത്തും ത്രിതല സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *