കേരളത്തില്‍ നാലു കേന്ദ്രങ്ങളില്‍ ചെലവു കുറഞ്ഞ എല്‍എന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്

കൊച്ചി : കേരളത്തില്‍ നാലു കേന്ദ്രങ്ങളില്‍ ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് സിഎംഡി പ്രഭാത് സിങ് അറിയിച്ചു. ഈ സ്റ്റേഷനുകളില്‍നിന്ന് എല്‍എന്‍ജിക്കൊപ്പം സിഎന്‍ജിയും ലഭ്യമാകും. തിരുവനന്തപുരം, കൊച്ചി, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഈ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കവെ പ്രഭാത് സിങ് പറഞ്ഞു.
ഡീസലിനേക്കാള്‍ 25 ശതമാനം ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) നേരിട്ടു വാഹന ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ പരീക്ഷണ ഓട്ടം രാജ്യത്ത് ആദ്യമായി ഡല്‍ഹി-മുംബൈ റൂട്ടില്‍ നടപ്പാക്കും. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഡല്‍ഹി-തിരുവനന്തപുരം റൂട്ടിലും ബസ് ഓടിക്കും. ബസുകളിലും ട്രക്കുകളിലുമാണ് എല്‍എന്‍ജി ഉപയോഗിക്കാന്‍ തീരുമാനം. ട്രക്ക്, ബസ് നിര്‍മാതാക്കളുമായി പെട്രോനെറ്റ് ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഇനിയും തയാറായിട്ടില്ല.
എന്നാല്‍ ഭാവിയില്‍ ഇവര്‍ അതിനു തയാറാകുമെന്ന് പ്രഭാത് സിങ് പ്രത്യാശ പ്രകടിപ്പിച്ചു. ചൈനയില്‍ പെട്രോളില്‍നിന്ന് ഡീസലിലേക്ക് മാറാനും ഈ താമസം നേരിട്ട കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഡീസല്‍ ഉപയോഗിക്കുന്ന ട്രക്കുകളേക്കാള്‍ എല്‍എന്‍ജി ഉപയോഗിച്ചു സര്‍വീസ് നടത്തുന്ന ട്രക്കുകള്‍ക്ക് 10 ലക്ഷം രൂപ നിര്‍മാണച്ചെലവു കൂടുതല്‍ വരും. കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി ജൂണില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *