പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ട്. പൊലീസ് റെയ്ഡ് സംബന്ധിച്ച് സിപിഎം നല്‍കിയ പരാതി ഡിജിപി അന്വേഷിക്കും. എല്ലാ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഇതാണ് സര്‍ക്കാര്‍ നയം. വ്യത്യസ്തമായ സമീപനമുണ്ടായാല്‍ യുക്തമായ നടപടിയെടുക്കും.

പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുകയെന്നതു ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിനു ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *