കെവിൻ കൊലകേസിൽ കോട്ടയം സെഷൻസ് കോടതിയിൽ ഇന്ന് പ്രാഥമികവാദം തുടങ്ങും

കോട്ടയം: കെവിൻ കൊലകേസിൽ കോട്ടയം സെഷൻസ് കോടതിയിൽ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിർദ്ദേശം. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച മുഴുവൻ രേഖകളുടെ പകർപ്പും പ്രതികളുടെ അഭിഭാഷകർക്ക് നൽകാൻ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്.  പ്രണയ വിവാഹത്തിന്‍റെ പേരിൽ  ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗം തീർപ്പാക്കാൻ കോടതി തീരുമാനിച്ചിരുന്നു.

കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തു. എന്നാൽ ഈ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിട്ടത്. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *