ബിജെപി നേതൃയോഗങ്ങൾ ഇന്ന് തൃശൂരിൽ

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങൾ ഇന്ന് തൃശൂരിൽ ചേരും. മുതി‍ർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകൾ നേടുകയാണ് പാർട്ടി ലക്ഷ്യം. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ,എംടി രമേശ് എന്നീ ജനറൽ സെക്രട്ടറിമാർ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളക്ക് മേലും മത്സരിക്കാൻ സമ്മർദ്ദമുണ്ട്.

പാർട്ടി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രമുഖരുടെ നീണ്ടനിരയെയാണ് പരിഗണിക്കുന്നത്. കുമ്മനംരാജശേഖരൻ, സുരേഷ് ഗോപി,,കെപി ശശികല തുടങ്ങിയ പേരുകളാണ് മുൻനിരയിലുളളത്. ആറ്റിങ്ങലിൽ ടിപി സെൻകുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമലകർമസമിതിയുമായും ആലോചിച്ചാകും ബിജെപി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകുക. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന് നാലു സീറ്റാകും നൽകുക.

പിസി തോമസിന് കോട്ടയം കൊടുക്കും. ശബരിമല പ്രശ്നത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തെ കുറിച്ച് യോഗം ചർച്ചചെയ്യും. സമരം പൂർണ്ണവിജയമായില്ലെന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവനക്കെതിരെ മുരളീധരപക്ഷം വിമർശനം ഉന്നയിക്കാനിടയുണ്ട്. സമരത്തോട് മുഖം തിരിച്ച മുരളീധരവിഭാഗത്തിനെതിരെയും വിമർശനം വരാനിടയുണ്ട്. ആദ്യം കോർകമ്മിറ്റിയും പിന്നീട സംസ്ഥാന ഭാരവാഹികളുടേയും ലോക്സഭാ മണ്ഡലങ്ങളുടെ ഇൻചാർജ്ജ്മാരുടേയും യോഗങ്ങളാണ് ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *