ബംഗാളില്‍ അമിത് ഷാ നയിക്കുന്ന റാലികള്‍ക്ക് ഇന്ന് തുടക്കം

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന റാലികള്‍ക്ക് ഇന്ന് തുടക്കം. ഇന്നു മാള്‍ഡയിലെ റാലിയില്‍ പങ്കെടുക്കുന്ന ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ നാളെ ബിര്‍ഭൂമിലും ജാര്‍ഗ്രാമിലും രണ്ട് റാലികളെ അഭിസംബോധന ചെയ്യും. 24 ന് കൃഷണ നഗറിലും ജയ് നഗറിലും റാലികള്‍ നയിക്കും. 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാളില്‍ 22 എണ്ണത്തില്‍ വിജയമുറപ്പിക്കുകയാണു ബിജെപിയുടെ ലക്ഷ്യം.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യറാലിക്കു മറുപടി നല്‍കാനാണു റാലികള്‍ സംഘടിപ്പിക്കുന്നത്. രഥയാത്രയ്ക്കു പിന്നാലെ റാലികളും മമത സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് അമിത് ഷാ ബംഗാളില്‍ എത്തുന്നത്.

അതേസമയം, അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാള്‍ഡയില്‍ ഇറക്കുന്നതിനു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നാരോപിച്ചു ബിജെപി ഇന്നലെ രംഗത്തെത്തിയിരുന്നു. അമിത് ഷായെ ഭയന്നിട്ടാണു തൃണമൂല്‍ കോണ്‍ഗ്രസ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി നിക്ഷേധിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേസമയം ആരോപണങ്ങള്‍ തളളിയ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗോള്‍ഡന്‍ പാര്‍ക്ക് ഹോട്ടലിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
നേരത്തെ അമിത് ഷായുടെ നേതൃത്യത്തില്‍ നടത്താനിരുന്ന രഥയാത്ര സുരക്ഷാകാരണങ്ങളെ തുടര്‍ന്നു ബംഗാള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി, യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *