ബാലഭാസ്‌കറുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നു പൊലീസ്

തിരുവനന്തപുരം : കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തില്‍. ബാലഭാസ്‌കറുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തി.

ബാലഭാസ്‌കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ആരോപിച്ചു പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബാലഭാസ്‌കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും ഭാര്യയെയും ആറ്റിങ്ങല്‍ പൊലീസ് ചോദ്യം ചെയ്തു.
ബാലഭാസ്‌കറില്‍നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും തിരിച്ചു നല്‍കിയതായും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. ഇതോടെ സാമ്പത്തിക ഇടപാടുകളില്‍ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണു പൊലീസ്. എന്നാല്‍ അപകടസമയത്ത് ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഈ ഡോക്ടറുെട ബന്ധുവാണ്. ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്‍ജുന്‍. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങള്‍ക്കൊപ്പം ഡ്രൈവറായി പോയെന്നതാണു കേസ്.
അര്‍ജുനാണോ ബാലഭാസ്‌കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ സംശയം തുടരുന്നു. ബാലഭാസ്‌കറാണ് ഓടിച്ചതെന്ന് അര്‍ജുനും അര്‍ജുനാണു ഡ്രൈവ് ചെയ്തതെന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തും

Leave a Reply

Your email address will not be published. Required fields are marked *