പി.ജെ. ജോസഫ് എല്‍.എല്‍.എയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം

തൊടുപുഴ: പ്രോട്ടോക്കോള്‍ പ്രശ്‌നം ഉന്നയിച്ച് സ്വന്തം മണ്ഡലത്തിലെ പൊതു പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പി.ജെ. ജോസഫ് എല്‍.എല്‍.എയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം. ‘ഇപ്പോള്‍ മന്ത്രിയല്ലെന്ന കാര്യം പി.ജെ ജോസഫിന് ബോധ്യമായിട്ടില്ലെന്നാണ് തോന്നുന്നത്. സംസ്ഥാനത്ത് ഭരണം മാറിയ കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. രണ്ട് കൊല്ലവും ഏഴ് മാസവുമായി ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മുട്ടത്ത് വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യുറോ മന്ദിരത്തിന്റെ ഉദ്ഘാനമായിരുന്നു വേദി. തന്നെ അദ്ധ്യക്ഷനാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ഥലം എം.എല്‍.എയായ പി.ജെ. ജോസഫ് വിട്ടുനിന്നത്.
മുഖ്യമന്ത്രി ഉദ്ഘാടകനും പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നനിലയില്‍ ജി. സുധാകരന്‍ അദ്ധ്യക്ഷനുമായാണ് സംഘാടകര്‍ പരിപാടി തയ്യാറാക്കിയത്. എന്നാല്‍ സമയത്ത് മന്ത്രി സുധാകരന്‍ ചടങ്ങില്‍ എത്തിയില്ല. പകരം ജില്ലക്കാരന്‍ കൂടിയായ മന്ത്രി എം.എം. മണി അദ്ധ്യക്ഷനായി. മന്ത്രിമാര്‍ ഉദ്ഘാടകരാകുന്ന പൊതുപരിപാടികളില്‍ സ്ഥലം എം.എല്‍.എ അദ്ധ്യക്ഷനാകണമെന്നാണ് ജോസഫിന്റെ വാദം. എന്നാല്‍ ഒന്നിലധികം മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു മന്ത്രി ഉദ്ഘാടകനായാല്‍ മറ്റൊരു മന്ത്രി അദ്ധ്യക്ഷനാകണമെന്നാണ് പുതുക്കിയ പ്രോട്ടോക്കോള്‍ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് പി.ജെ. ജോസഫ് മന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ നയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനപ്രതിനിധിയായും മന്ത്രിയായും ദീര്‍ഘനാളത്തെ പരിചയമുള്ള പി.ജെ ജോസഫിന് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല . ജോസഫിന് എന്ത് പറ്റിയെന്നാണ് തനിക്ക് മനസിലാകാത്തതെന്നും സദസിലുയര്‍ന്ന കരഘോഷത്തിനിടെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ ഇടതുമുന്നണി സംഘടിപ്പിച്ച നയവിശദീകരണയോഗത്തിലും മുഖ്യമന്ത്രി ഇതേ പരാമര്‍ശം ആവര്‍ത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *