അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുത്; സുപ്രീംകോടതിയില്‍ സ്വീഡിഷ് കമ്പനി

ദില്ലി:  തങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍ അംബാനി 500 കോടി രൂപ നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലികോം കമ്പനിയായ എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. അനില്‍ അംബാനിയും കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്.

നേരത്തെ കോടതിയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ ധാരണപ്രകാരം 1600 കോടി രൂപ നല്‍കാനുള്ളത് 500 കോടി രൂപയാക്കി സ്വീഡിഷ് കമ്പനി ഇളവ് ചെയ്ത് നല്‍കിയിരുന്നു. ഈ പണം നല്‍കാനുള്ള അവസാന തിയതി സെപ്തംബര്‍30 ന്  അവസാനിച്ചിരുന്നു. എന്നാല്‍ അവസാന തിയതിയും പണം ലഭിക്കാതെ വന്നതോടെയാണ് സ്വീഡിഷ് കമ്പനി കോടതിയില്‍ എത്തിയത്. രാജ്യത്തെ നിയമ വ്യവസ്ഥയോട് അല്‍പം പോലും ബഹുമാനമില്ലാത്തതാണ് അനില്‍ അംബാനിയുടേതെന്ന് എറിക്സണ്‍ പരാതിയില്‍ വിശദമാക്കുന്നു. വാഗ്ദാന ലംഘനത്തിന് അനില്‍ അംബാനിയ്ക്ക് നേരെ കോടതി നടപടികള്‍ തുടങ്ങണമെന്നും എറിക്സണ്‍ ആവശ്യപ്പെട്ടു.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കമ്പനിയാണ് എറിക്സണിന് വന്‍തുക നല്‍കാനുള്ളത്. എന്നാല്‍ എറിക്സന്റെ പരാതി അനവസരത്തിലാണെന്നും പണം നല്‍കാന്‍ 60 ദിവസം കൂടി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വിശദമാക്കുന്നു. സഹോദരനായി മുകേഷ് അംബാനിയുടെ ജിയോയുമായി സ്പെക്ട്രം , ടവര്‍, കേബിളുകള്‍ എന്നിവയുടെ വില്‍പനയ്ക്ക് ധാരണയായിരുന്നെന്നും എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശമാണ് വില്‍പനയ്ക്ക് തടസമാവുന്നതുമെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്റെ വാദം. സ്പെക്ട്രം ഉപയോഗിക്കുന്നതിന് മുന്‍പ് 2900 കോടിയുടെ ബാങ്ക് ഗാരന്റി നല്‍കണമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *