പ്രളയ സെസ്: ജിഎസ്ടി യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തിനുള്ളിൽ പ്രളയ സെസ് പിരിക്കാൻ അനുവദിക്കാം എന്ന മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ ഇന്ന് ദില്ലിയിൽ ചേരുന്ന ജി.എസ്.ടി കൗണ്‍സിൽ യോഗം ചര്‍ച്ച ചെയ്യും. ദേശീയ തലത്തിൽ സെസ് പിരിക്കാൻ അനുവദിക്കണം എന്ന കേരളത്തിന്‍റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു.

അതേസമയം രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് കേരളത്തിനുള്ളിൽ പിരിക്കാമെന്ന ധാരണയാണ് സമിതിയിൽ ഉണ്ടായത്. എന്നാല്‍, ഇതിന് ജി.എസ്.ടി കൗണ്‍സിലിന്‍റെ അംഗീകാരം കിട്ടേണ്ടതുണ്ട്.

കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ ഏതൊക്കെ ഉല്‍പന്നങ്ങൾക്കുമേൽ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം. രണ്ടുവര്‍ഷത്തേക്ക് സെസ് പിരിക്കാനായാൽ പ്രളയ കെടുതി നേരിടാൻ ഒരു പരിധിവരെ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് ധനകാര്യവകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് അറിയിച്ചത്. ഇതുകൂടാതെ സിമന്‍റ്, ലോട്ടറി ഉൾപ്പടെയുള്ളവയുടെ ജി.എസ്.ടി കുറക്കുകയും ഏകീകരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച ഉപസമിതി ശുപാര്‍ശയും ജി.എസ്.ടി കൗണ്‍സിൽ യോഗം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *