മുന്നോക്ക സംവരണ ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയുടെയും അംഗീകാരം

ന്യൂഡല്‍ഹി: മുന്നോക്ക സംവരണ ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയുടെയും അംഗീകാരം. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടത് കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളി. 165 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ഏഴു പേര്‍ മാത്രമാണ് എതിര്‍ത്തത്. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10% തൊഴില്‍, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന 124-ാം ഭരണഘടനാ ഭേദഗതിയാണു പാസായത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു.
രാവിലെ ചര്‍ച്ച ആരംഭിച്ചപ്പോള്‍ വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ഇടത് കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ മേഖലയിലെ സംവരണവും ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ അംഗം ടി.കെ. രംഗരാജന്‍ നോട്ടീസ് നല്‍കിയിരുന്നു. സിപിഎമ്മിന്റെ ഈ ആവശ്യങ്ങള്‍ വോട്ടിനിട്ടു തള്ളുകയായിരുന്നു. വോട്ടെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് എസ്പിയും കോണ്‍ഗ്രസും സമ്മതിച്ചിട്ടുണ്ടെന്നും ഇടതു നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *