ശബരിമല സ്ത്രീ പ്രവേശനം : ദേവസ്വം ബോര്‍ഡ് റിവ്യു ഹര്‍ജിക്ക് ഇല്ല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡ് തീരുമാനിച്ചു. സ്ത്രികള്‍ക്ക് നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും പ്രത്യേക സൗകര്യമൊരുക്കാനും തീരുമാനമായി.

പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് നിലപാട് തിരുത്തിയത്.

ബോര്‍ഡ് തീരുമാനമനുസരിച്ച് മുന്നോട്ടുള്ള നിയമ നടപടികള്‍ തീരുമാനിക്കാനാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും നീക്കം. ഹിന്ദുവോട്ട് ഉറപ്പിക്കാൻ ഇതിലും നല്ല വിഷയമില്ലെന്ന് കോൺഗ്രസ്സും ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഇന്ന് കൂടിക്കാഴ്ച നടത്തി സമരം അടക്കമുള്ള കാര്യങ്ങളിലും തീരുമാനമെടുക്കും.

വിധിക്ക് കാരണം സർക്കാരാണെന്ന കോൺഗ്രസ്-ബിജെപി പ്രചാരണം തിരിച്ചടി ഉണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെങ്ങന്നൂരിലടക്കം പാർട്ടിയെ പിന്തുണച്ച ഭൂരിപക്ഷ വോട്ട് ചോരുമോ എന്നാണ് പേടി. വിധി നടപ്പാക്കണമെന്നാണ് സിപിഎം രാഷ്ട്രീയലൈൻ. പക്ഷെ ദേവസ്വം ബോർഡ് വഴി വിശ്വാസികളെ ഒപ്പം നിർത്തണമെന്ന ആഗ്രഹവുമുണ്ട്. എന്നാൽ റിവ്യു നൽകാനൊരുങ്ങുന്ന വിവിധ സംഘടനകളുടെ നിയമനീക്കത്തിൽ ബോർഡ് എന്ത് നിലപാട് എടുക്കണം എന്നുള്ളത് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *