കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസ് അജണ്ടയാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി

മലപ്പുറം: ഹിറ്റ്‌ലറുടെ ആശയങ്ങളാണ് ആര്‍ എസ് എസിന്റേതെന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസ് അജണ്ടയാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതില്‍ ജര്‍മനി സ്വീകരിച്ച നടപടികള്‍ മാതൃകപരമാണെന്ന് ആര്‍ എസ് എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ആര്‍ എസ് എസ് സംഘടന രീതിക്ക് രൂപം കൊടുക്കാന്‍ സ്ഥാപക നേതാക്കള്‍ മുസോളിനിയെ പോയി കണ്ടിട്ടുണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആര്‍ എസ് എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

മുകള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തര്‍ജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. അസീമുള്ള ഖാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആര്‍ എസ് എസ് ഓര്‍ക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ടു ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്നും പിണറായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *