ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തുവിട്ട് ഡി എം കെ.

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ട് ഡി എം കെ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പാര്‍ട്ടി എം പി. കനിമൊഴി, മറ്റ് നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തുവിട്ടത്.

പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും, നീറ്റ് പരീക്ഷ ഒഴിവാക്കും, പൗരത്വ ഭേദഗതി നിയമം (സി എ എ), ഏകീകൃത സിവില്‍ കോഡ് (യു സി സി) എന്നിവ നടപ്പാക്കില്ല, ക്രിമിനല്‍ നടപടിക്ക് കീഴില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന 361ാം വകുപ്പ് ഭേദഗതി ചെയ്യും, തിരുക്കുറള്‍ ദേശീയ പുസ്തകമാക്കും, ഇന്ത്യയില്‍ തിരിച്ചെത്തിയ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കും, ദേശീയ പാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കും, പാചകവാതകം 500 രൂപക്കും പെട്രോള്‍ 75 രൂപക്കും ഡീസല്‍ 65 രൂപക്കും വിതരണം ചെയ്യും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയും തമിഴ്‌നാട് ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി പുറത്തുവിട്ടു. കലാനിധി വീരസ്വാമി (നോര്‍ത്ത് ചെന്നൈ), തമിഴച്ചി തങ്കപാണ്ഡ്യന്‍ (സൗത്ത് ചെന്നൈ), ദയാനിധി മാരന്‍ (സെന്‍ട്രല്‍ ചെന്നൈ), ടി ആര്‍ ബാലു (ശ്രീപെരുംപുത്തൂര്‍), അണ്ണാദുരൈ (തിരുവണ്ണാമലൈ), എ രാജ (നീലഗിരി), കനിമൊഴി (തൂത്തുക്കുടി) എന്നിവര്‍ ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്.

സഖ്യകക്ഷിയായ കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണകള്‍ ഡി എം കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒമ്പത് സീറ്റുകളാണ് ഡി എം കെ കോണ്‍ഗ്രസ്സിന് അനുവദിച്ചിട്ടുള്ളത്. പുതുച്ചേരിയില്‍ ഒരു സീറ്റും നീക്കിവച്ചു. തമിഴ്‌നാട്ടിലെ 21 ലോക്‌സഭാ സീറ്റുകളില്‍ ഡി എം കെ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *