തീയതി നിലനിര്‍ത്തി ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്താന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : തീയതി അതേപടി നിലനിര്‍ത്തി ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്താന്‍ സാധിക്കുമോ എന്ന് ആരാഞ്ഞ് സുപ്രീം കോടതി.

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ രാജ്യസഭാ അംഗം സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. ആമുഖം ഭേദഗതി ചെയ്യാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തു.

1949 നവംബര്‍ 29 എന്ന തീയതി അതേപടി നിലനിര്‍ത്തിക്കൊണ്ട് 1976ലെ 42ാം ഭേദഗതി നിയമപ്രകാരം സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അക്കാദമിക് വീക്ഷണകോണില്‍ നിന്ന് വിഷയം പരിഗണിക്കാമെന്ന് ബഞ്ച് നിരീക്ഷിച്ചു. ഒരു തീയതിയോട് കൂടിയ ഏക ആമുഖം ഒരുപക്ഷേ ഇതാകുമെന്നും ബഞ്ച് നിരീക്ഷിച്ചു.

അതേസമയം, സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ നേരത്ത ഭരണഘടനയില്‍ ഉണ്ടായിരുന്നില്ലെന്ന് സുബ്രഹ്മണ്യം സ്വാമി വാദിച്ചു. അടിയന്തരാവസ്ഥകാലത്താണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തതെന്നും സുബ്രഹ്ണ്യം സ്വാമി ബോധിപ്പിച്ചു. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ചേര്‍ത്തതിനെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുമുണ്ട്.

ഹരജി സുപ്രീം കോടതി ഏപ്രിലില്‍ പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *