സംഘപരിവാറിന്റെ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്നും അതിനുള്ള കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി.ജെ.പിക്കില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അക്രമം സംഘടിപ്പിക്കുകയാണ്. എന്നിട്ട് ഇവിടെയാകെ പ്രശ്നമാണെന്ന് പറയുന്നു. കേരളത്തില്‍ ഒരു ക്രമസമാധാന പ്രശ്നവുമില്ല. ഭരണസ്തംഭനമോ ക്രമസമാധാന തകര്‍ച്ചയോ ഇല്ല. അക്രമത്തെ അക്രമമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കുകയാണ്.

അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യേണ്ടെന്ന് വേറെ സംസ്ഥാനത്ത് പറഞ്ഞാല്‍ മതി. കേരളത്തോട് ആ കളി വേണ്ട. മറ്റ് സംസ്ഥാനങ്ങളില്‍ പട്ടാപ്പകല്‍ കൊല നടത്തിയവരെപ്പോലും പിടിക്കാത്ത ഭരണസംവിധാനമുണ്ടാകാം. അവിടെ കിട്ടുന്ന സംരക്ഷണം കേരളത്തില്‍ കിട്ടുമെന്ന് വ്യാമോഹിക്കേണ്ട. ക്രമസമാധാനം തകര്‍ക്കണമെന്ന് ആര്‍.എസ്.എസിനും ബി.ജെ.പിക്കും ആഗ്രഹമുണ്ട്. അതിനായി അവര്‍ ഹര്‍ത്താലുകളില്‍ ബോധപൂര്‍വ്വമായ അക്രമം അഴിച്ചുവിട്ടു. അക്രമങ്ങളെല്ലാം നേരത്തേ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഭൂരിഭാഗം കേസുകളിലും സംഘപരിവാറുകാരാണ് പ്രതികള്‍. എന്നാല്‍ മനസില്‍ കണ്ടത് അതേപടി നടപ്പാക്കാനാവാത്ത നിരാശയാണ് അവര്‍ക്ക്. ഇത്രയും അക്രമങ്ങളുണ്ടായിട്ടും കേരളത്തില്‍ എല്ലാം ഭദ്രവും സമാധാനപരവുമാണ്.

തലശേരിയില്‍ സി.പി.എം അനുഭാവി ശോഭയുടെ വീടാക്രമിച്ച് ജനുവരി മൂന്നിന് അക്രമം തുടങ്ങിയത് സംഘപരിവാറാണ്. പിന്നീട് സി.പി.എമ്മുകാരുടെ നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന ദിനേശ് ബീഡി ഫാക്ടറിക്ക് ബോംബെറിഞ്ഞു. തലശേരി ടൗണിലെ സി.പി.ഐ ഓഫീസാണ് ആക്രമിക്കപ്പെട്ട ആദ്യ പാര്‍ട്ടി ഓഫീസ്. തലശേരിയിലെ ആക്രമണങ്ങള്‍ക്ക് ആര്‍.എസ്.എസാണ് നേതൃത്വം നല്‍കിയത്. സി.പി.എമ്മിന്റെ പ്രധാന പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട ശേഷം സ്വാഭാവികമായി കടുത്ത പ്രതിഷേധങ്ങളുണ്ടായി. സമാധാനയോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ വീടാക്രമിച്ചത്. ഏകപക്ഷീയമായ ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ചില പ്രതികരണങ്ങളുണ്ടായി. ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കം ഒഴിവാക്കി, കുഴപ്പമെന്ന് ആരു പറഞ്ഞാലും ശരിയാവില്ല. അക്രമം നിറുത്തുകയാണ് അവര്‍ ആദ്യം ചെയ്യേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *