കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കൊല്ലം : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്മകുമാര്‍, ഭാര്യ എം ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ ഈ മാസം 15 വരെയാണ് കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തത്.

പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലും അനിതകുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ സബ്ജയിലിലുമാണ് റിമാന്‍ഡ ചെയ്യുക. മൂവരുടെയും അറസ്റ്റ് ഇന്ന് രാവിലെയാണ് പോലീസ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നു. ജീവപര്യന്തം തടവ് വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തടവിലാക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്. ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികള്‍ക്കായി ബന്ധു ഉള്‍പ്പെടെ രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. പ്രതികളുടെ ജാമ്യാപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷമേ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ വഴിയാണു തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത് എന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നു തവണ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലുണ്ടായിരുന്നത്. കൃത്യത്തില്‍ ഭാര്യക്കും മകള്‍ക്കും പങ്കുണ്ട്. പാരിപ്പള്ളിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം തിരിച്ചറിഞ്ഞു.

സാമ്പത്തിക സുസ്ഥിരതയുണ്ടായിരുന്ന പത്മകുമാര്‍ വലിയ തോതില്‍ കടക്കെണിയില്‍ പെട്ടിരുന്നതായാണു വിവരം. എന്‍ജിനയറായ ഇദ്ദേഹം വിവിധ ബിസിനസ് നടത്തിയിരുന്നു. ഒരു കോടിയോളം രൂപ ബാധ്യതയുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. ലോണ്‍ ആപ്പുകളില്‍ നിന്നും മറ്റും ഇയാള്‍ പണം എടുത്തിരുന്നു. ക്രെഡിറ്റ് കാര്‍ഡ് മുഖേനെയുള്ള ഇടപാടുകളിലും വലിയ ബാധ്യത ഉണ്ടായെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *