ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ദിവസവും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞത് അപായപ്പെടുത്താനാണെന്നും മോദി ആരോപിച്ചു.

ആന്ധ്രയിലെ ബുത്തുതല പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുമ്പോഴാണു കേരളത്തെക്കുറിച്ചു മോദി പരാമര്‍ശിച്ചത്. ത്രിപുരയില്‍ കമ്യൂണിസ്റ്റ് ആക്രമണത്തിനു ബിജെപിയെ തളര്‍ത്താനായില്ല. പൂജ്യത്തില്‍നിന്നാണ് അവിടെ ബിജെപി സര്‍ക്കാരുണ്ടാക്കിയത്- മോദി പറഞ്ഞു. കേരളത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ കൂട്ടത്തോടെ കേസില്‍പ്പെടുത്തുകയാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു
നിയമവാഴ്ച പരിപൂര്‍ണമായും തകര്‍ന്ന അവസ്ഥയാണു കേരളത്തിലുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. നിരപരാധികളായ നിരവധിപേരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ പിണറായിയുടെ പൊലീസ് തടവിലാക്കി.
പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കലാപത്തിനു കാരണമാകുന്നുവെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെയും, സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന എസ്എന്‍ഡിപി യോഗം നേതാവ് പ്രീതി നടേശന്റെയും അഭിപ്രായങ്ങള്‍ അക്ഷരംപ്രതി വസ്തുനിഷ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *