മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി നീട്ടി. സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 22 വരെ നീട്ടിയതായി ഡല്‍ഹി റോസ് അവന്യൂ കോടതി വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. ഡല്‍ഹി എക്‌സൈസ് നയം തിരുത്തിയതിന് കൈക്കൂലി വാങ്ങിയെന്നത് കുറ്റകൃത്യത്തിന്റെ ഭാഗമല്ലെങ്കില്‍, അന്വേഷണ ഏജന്‍സിക്ക് മനീഷ് സിസോദിയയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം തെളിയിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ സിസോദിയ നല്‍കിയ രണ്ട് പ്രത്യേക ജാമ്യാപേക്ഷകളുടെ വിധിയാണ് പ്രസ്താവിച്ചത്. കൈക്കൂലി വാങ്ങിയെന്ന അനുമാനത്തില്‍ കേസ് മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നും, ഒരു പ്രതിക്ക് നിയമപ്രകാരം ലഭിക്കേണ്ട സംരക്ഷണം നല്‍കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ബെഞ്ച് പറഞ്ഞു.

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമുള്ള കുറ്റകൃത്യം സിസോദിയ നടത്തിയിട്ടില്ലെന്ന് എഎപി നേതാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞു. ഫെബ്രുവരി 26നാണ് സിസോദിയയെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ സിസോദിയ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *