ഏക സിവില്‍ കോഡ്: യു ഡി എഫ് യോഗം ഇന്ന്

തിരുവനന്തപുരം : ഏക സിവില്‍ കോഡ് വിഷയത്തില്‍ യു ഡി എഫ് യോഗം ഇന്ന്. ദേശീയ തലത്തില്‍ നിലപാടെടുക്കാത്തത് വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് ഇക്കാര്യം ശക്തമായി ഉന്നയിച്ചേക്കും. ഏക സിവില്‍ കോഡിനെതിരെ സി പി എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന മുസ്‌ലിം ലീഗ് തീരുമാനം കോണ്‍ഗ്രസ്സിന് വലിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വിഷയത്തില്‍ നിലപാടെടുക്കാത്തതിനെതിരെ പാര്‍ട്ടിക്ക് മേല്‍ ലീഗ് രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നത് കോണ്‍ഗ്രസ്സിന് തലവേദനയാകും. ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഒരുങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം. ദേശീയ തലത്തില്‍ നിലപാടെടുത്തിട്ടില്ലെങ്കിലും കെ പി സി സി വിഷയത്തില്‍ സംവാദം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഇന്ന് തിരുവനന്തപുരത്ത് യു ഡി എഫ് നേതൃയോഗം ചേരുന്നത്.

സ്വന്തം വോട്ട് ബേങ്കും തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് ഏറെമേല്‍കൈ ഉണ്ടാകുകയും ചെയ്തിരുന്ന സമുദായ സംഘടനയെപ്പോലും കൈവിട്ടാണ് കോണ്‍ഗ്രസ്സിന് വേണ്ടി തങ്ങള്‍ സി പി എം സെമിനാര്‍ വിഷയത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദ പാലിച്ചതെന്ന കാര്യം മുസ്‌ലിം ലീഗ് യോഗത്തില്‍ ഉന്നയിക്കും. ഇതുകൂടി ചൂണ്ടിക്കാട്ടിയാകും ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് നിലപാടെടുപ്പിക്കുന്നതിന് ലീഗ് സമ്മര്‍ദം ചെലുത്തുക. നിലവില്‍ ദേശീയ തലത്തില്‍ ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ്സ് സമരപരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.എന്നാല്‍ സംസ്ഥാനത്ത് സംവാദങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തീയതി തീരുമാനിച്ചിട്ടില്ല. അഴകൊഴമ്പന്‍ നിലപാട് വെടിയണമെന്നും വിഷയം ഗൗരവമായി കാണണമെന്നുമാണ് ലീഗിന്റെ ആവശ്യം. ഈ സമ്മര്‍ദ സാധ്യത കൂടിയാണ് മുസ്‌ലിം ലീഗ് ഉന്നയിക്കുന്നത്.

സി പി എം ക്ഷണം തള്ളാനുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനം കോണ്‍ഗ്രസ്സിനാകട്ടെ ഏറെ ആശ്വാസകരമാണ്. ഇന്ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ സി പി എം രാഷ്ട്രീയമായി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചാവും ലീഗ് നേതാക്കള്‍ വിശദമാക്കുക

Leave a Reply

Your email address will not be published. Required fields are marked *