വനിതാമതില്‍: ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് പ്രതിഭാഹരിക്ക് പിഴ

ആലപ്പുഴ : വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ഹെല്‍മറ്റ് ധരിക്കാതെ സ്‌ക്കൂട്ടര്‍ ഓടിച്ചതിന്  യു പ്രതിഭാ ഹരി എംഎല്‍എയ്‌ക്കെതിരെ കേസ്. സംഭവം കേസ് ആയതോടെ കായംകുളം പോലീസ് സ്‌റ്റേഷനിലെത്തിയ എംഎല്‍എ  100 രൂപ പിഴയടച്ചു. 30 ന് കായംകുളത്തു വനിതാ മതിലിന്റെ പ്രചരണത്തിനായി നടത്തിയ വനിതകളുടെ റാലിയില്‍ പങ്കെടുത്ത ആരും തന്നെ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. 

ജൂലെ 28 ന് ആലപ്പുഴ ജില്ലാ പോലിസ് സംഘടിപ്പിച്ച ട്രാഫിക് ബോധവത്ക്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന ചടങ്ങില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാത്ത ട്രാഫിക് പോലീസിനെ രൂക്ഷമായ ഭാഷയില്‍ എംഎല്‍എ വിമര്‍ശിച്ചിരുന്നു. നിയമനിര്‍മ്മാണം നടത്താന്‍ കുത്തിയിരിപ്പു സമരം വരെ നടത്താന്‍ താന്‍ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞിരുന്നു.

ഭരണപക്ഷ എംഎല്‍എ ആയിരുന്നിട്ടു കൂടി അപകടങ്ങള്‍ നിയന്ത്രിക്കാന്‍ തനിക്കു ഒന്നും ചെയ്യാന്‍ കഴയുന്നില്ല എന്ന് പറഞ്ഞ് വികാര ഭരിതയായി സംസാരിച്ച യു പ്രതിഭ എംഎല്‍എയാണ് നിയമം തെറ്റിച്ചതിന് പിഴയടച്ചത്.  എംഎല്‍എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *