ശബരിമലയിലെ ചടങ്ങുകള്‍ കേരള പോലീസിന് അറിയില്ല; അയ്യപ്പന്മാര്‍ ദുരിതത്തില്‍

ശബരിമല : പൊരിവെയിലില്‍ മലകയറി പടികയറി എത്തിയ സ്വാമി ഭക്തരെ പൊലീസിന്റെ ആശയക്കുഴപ്പം ദുരിതത്തിലാക്കി. കളഭാഭിഷേകം നടന്നപ്പോള്‍ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീര്‍ഥാടകരെ തിരിച്ചുവിട്ടു. അതുകാരണം ഉച്ചപൂജ തൊഴാന്‍ അവസരം കിട്ടിയില്ലെന്നു മാത്രമല്ല ദര്‍ശനത്തിനായി 3ന് നടതുറക്കും വരെ കാത്തുനില്‍ക്കേണ്ടിയും വന്നു.
പുതിയ പൊലീസ് സംഘമാണു സന്നിധാനത്തുള്ളത്. പൂജകളെപ്പറ്റിയും ആ സമയത്തെ ക്രമീകരണങ്ങളെപ്പറ്റിയും അവര്‍ക്കു ധാരണയില്ലാത്തതും മുന്‍കൂട്ടി ചോദിച്ചറിയാതെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതുമാണു തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നും ഒന്നിനും മധ്യേ പതിനെട്ടാംപടി കയറിയ അയ്യപ്പന്മാര്‍ക്കാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തെറ്റായ നിര്‍ദേശങ്ങള്‍ കാരണം പൂജ തൊഴാന്‍ അവസരം കിട്ടാതെ വന്നത്. ഉച്ചപൂജയ്ക്കു നട അടച്ചപ്പോള്‍ പൂജ കഴിഞ്ഞതാണെന്നു പൊലീസ് തെറ്റിദ്ധരിച്ചു നല്‍കിയ നിര്‍ദേശമാണു ഭക്തര്‍ക്കു വിനയായത്. ഈ സമയം പതിനെട്ടാംപടി കയറി എത്തിയവരെ വടക്കേനട വഴി തിരിച്ചിറക്കി.ഇതു തെറ്റായ നടപടിയാണെന്നു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുറച്ച് അയ്യപ്പന്മാരെ തിരിച്ചുവിളിച്ചു ദര്‍ശനത്തിനായി സോപാനത്തില്‍ എത്തിച്ചു. അപ്പോഴേക്കും നല്ലൊരുഭാഗവും മാളികപ്പുറത്തേക്കു പോയിരുന്നു. അവര്‍ വൈകിട്ട് 3ന് നടതുറന്നശേഷം വടക്കേനട വഴി എത്തിയാണു ദര്‍ശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *