സി പി എം നിലപാട് ശരിവെക്കുന്നതാണെന്ന് ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ : പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെയെടുത്തത് കള്ളക്കേസാണെന്ന സി പി എം നിലപാട് ശരിവെക്കുന്നതാണ് അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് അനുഭാവിയായ ജില്ലയിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കളെയും പ്രവര്‍ത്തരെയും കള്ളത്തെളിവുകളുണ്ടാക്കി കുടുക്കിയതാണെന്ന് പാര്‍ട്ടി നേരത്തേ പറയുന്നതാണ്. അത് ശരിവെക്കുന്നതാണ് യു ഡി എഫ് ഘടകകക്ഷിയുടെ നേതാവായ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. കള്ളത്തെളിവുണ്ടാക്കാനാണ് അഭിഭാഷകനോട് പോലീസ് ഉപദേശം തേടിയത്. യു ഡി എഫ് ഭരണകാലത്ത് പോലീസ് സി പി എമ്മുകാര്‍ക്ക് നേരെ മൂന്നാം മുറയടക്കം പ്രയോഗിച്ചിരുന്നെന്നും എം വി ജയരാജന്‍ പറഞ്ഞു.

അഭിഭാഷകന്‍ പറഞ്ഞത് കള്ളമാണെങ്കില്‍, കള്ളത്തെളിവുണ്ടാക്കാന്‍ പോലീസിനെ സഹായിച്ചതിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ സി പി എം നേതാക്കളെ രക്ഷപ്പെടുത്താനാണോയെന്ന ചോദ്യത്തിന്, ഇടപെട്ടിരുന്നെങ്കില്‍ നേതാക്കള്‍ ജയിലിലടക്കപ്പെടുമായിരുന്നോയെന്ന് ജയരാജന്‍ തിരിച്ചുചോദിച്ചു. ലീഗ് അടക്കമുള്ള യു ഡി എഫ് കക്ഷികള്‍ സി പി എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *