ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ സി.പി.എം സംസ്ഥാന സമിതി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ ബൂത്ത് തലങ്ങളിലടക്കം സൂക്ഷ്മമായ ഇടപെടലുകള്‍ക്ക് ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന സമിതി യോഗം നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരും പി.ബി അംഗങ്ങളുമടക്കം ജനുവരി ഒന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. ലഘുലേഖകളും വിതരണം ചെയ്യും.

ബൂത്ത്തലത്തില്‍ വോട്ടര്‍മാരുടെ കൃത്യമായ കണക്കെടുപ്പുകളുണ്ടാകണമെന്ന് സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങള്‍ ചുമതലപ്പെട്ട മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കണം. ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തണം. സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായും സമ്ബര്‍ക്കം ശക്തമാക്കണം. പ്രാദേശികമായ പ്രശ്‌നങ്ങളുടെ പേരില്‍ പ്രതിഷേധങ്ങളുണ്ടാകുമ്‌ബോള്‍ തക്ക സമയത്ത് ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കണം.

ഇടതുപക്ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ്, 2024ലെ തിരഞ്ഞെടുപ്പിന് കാലേക്കൂട്ടിയുള്ള മുന്നൊരുക്കങ്ങളിലേക്ക് സി.പി.എം കടക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റുകളില്‍ ആലപ്പുഴയില്‍ മാത്രമാണ് വിജയിക്കാനായത്. കേരള കോണ്‍ഗ്രസ്എം ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ കോട്ടയത്തെ അവരുടെ എം.പി കൂടി മുന്നണിയിലായി. ബാക്കി പതിനെട്ട് എം.പിമാരും യു.ഡി.എഫിന്റേതാണ്. ഇത്തവണ പകുതി സീറ്റെങ്കിലും നേടി പാര്‍ലമെന്റില്‍ ഇടത് പ്രാതിനിദ്ധ്യം ഉയര്‍ത്താനാണ് സി.പി.എം

ലക്ഷ്യമിടുന്നത്..ഇന്നും തുടരുന്ന സംസ്ഥാനസമിതി യോഗം ,ട്രേഡ് യൂണിയന്‍, സാംസ്‌കാരിക നയരേഖകള്‍ ചര്‍ച്ചയ്‌ക്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *