പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരുതണ്ട: ഗവര്‍ണര്‍

ന്യൂഡല്‍ഹി : പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ സമ്മര്‍ദം ചെലുത്താമെന്ന് ആരും കരുതരുതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ മാനിക്കുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഇടപെട്ടാണ് തകര്‍ത്തത്. രാജ്യത്തെല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്കാണ്. ഞാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാല്‍ താന്‍ അപ്പോള്‍ തന്നെ രാജിവെക്കാം. ഡല്‍ഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ലെന്നും ഗവര്‍ണര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

സര്‍വകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ സ്ഥിതി അതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *