മുസ്‌ലിംകള്‍ക്ക് എതിരായ വിദ്വേഷ പ്രസംഗം; നടപടി എടുക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ക്ക് എതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ  എതിരെ മതം നോക്കാതെ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യനടപടികള്‍ നേരിടാന്‍ തയ്യാറാകണമെന്നും സുപ്രീംകോടതി.  ജസ്റ്റിസുമാരായ കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്‌

‘ഇത് 21ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരില്‍ നമ്മള്‍ എവിടെ എത്തി?’ – കോടതി ചോദിച്ചു. രാജ്യത്തെ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹരജികളില്‍ കോടതി ഇന്നലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

രാജ്യത്തുടനീളമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം ആരംഭിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാരനായ ഷഹീന്‍ അബ്ദുള്ള സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അടുത്തിടെ നടന്ന ഒരു ഹിന്ദു സഭയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചു. പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേഷ് വര്‍മ മുസ്ലിംകളെ സമ്പൂര്‍ണമായി ബഹിഷ്‌കരണം എന്ന് ഈ സഭയില്‍ ആവശ്യപ്പെടുന്നത് അദ്ദേഹം എടുത്തുകാട്ടി.

പോലീസിനും സര്‍ക്കാറുകള്‍ക്കും സ്വന്തം നിലക്ക് കേസ് ഫയല്‍ ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിന് കോടതിയോട് നന്ദി പറഞ്ഞ കപില്‍ സിബലിനോട് ജഡ്ജി പ്രതികരിച്ചത് ‘ഇത് ഞങ്ങളുടെ കടമയാണ്, നമ്മളത് ചെയ്തില്ലെങ്കില് അത് നമ്മുടെ ഭാഗത്തുനിന്നുള്ള സ്ഥാനത്യാഗമാകും’ എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *