ബ്രൂവറിക്ക് അനുമതി നൽകിയത് കേന്ദ്രഭൂഗർഭ ജലവകുപ്പിന്‍റെ കണ്ടെത്തലുകൾ പരിഗണിക്കാതെ

രുവനന്തപുരം: എലപ്പുള്ളിയിൽ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയത് കേന്ദ്രഭൂഗർഭ ജലവകുപ്പിന്‍റെ കണ്ടെത്തലുകൾ പരിഗണിക്കാതെ. അപകടകരമായ രീതിയിൽ ജലനിരപ്പ് താഴുന്നുവെന്ന് വകുപ്പ് കണ്ടെത്തിയ ഇടത്താണ് വർഷം പത്ത് കോടി ലിറ്റർ ആവശ്യമായ വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയത്. ഇത്തരം പ്രദേശങ്ങളിൽ വെളളം ഉപയോഗിച്ച് കൊണ്ടുളള വ്യവസായങ്ങൾ പാടില്ലെന്ന വകുപ്പിന്‍റെ നിർദ്ദേശവും തള്ളി.

പാലക്കാട് ജലക്ഷാമം രൂക്ഷമായപ്പോൾ, കേന്ദ്ര ഭൂഗർഭ ജലവകുപ്പ് 2009- ൽ നടത്തിയ പഠനമാണിത്. ചിറ്റൂർ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഓരോ വർഷം കഴിയുംന്തോറും സ്ഥിതി ഗുരുതരമാകുന്നെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷത്തെ പഠനമനുസരിച്ച് ഇവിടെ ഭൂഗർഭ ജലനിരപ്പ് 2 മീറ്ററോളം താഴ്ന്നതായി കണ്ടെത്തി. ചിറ്റൂർ, മലമ്പുഴ, പാലക്കാട് മേഖലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. കുടിവെളളം കിട്ടാക്കനിയായ എലപ്പുളളി കൗസുപ്പാറ പ്രദേശത്ത് ഗാർഹികാവശ്യത്തിന് കുഴൽക്കിണർ നിർമ്മിക്കുന്നതിന് തന്നെ നിയന്ത്രണമുണ്ട്. ഇവിടെയാണ് പ്രതിവർഷം 10 കോടി ലിറ്റർ ബിയർ ഉത്പാദിപ്പിക്കുന്ന ബ്രൂവറി വരുന്നത്.

കുഴൽക്കിണറുകളോ, മലമ്പുഴയിൽ നിന്നുളള വെളളമോ ആണ് കമ്പനിക്കാശ്രയം. വരൾച്ച നിലനിൽക്കുന്ന പ്രദേശമായതിനാൽ മലമ്പുഴ വെളളം ഉപയോഗിക്കാനുളള നീക്കങ്ങൾ സജീവമെന്നാണ് സൂചന. കൃഷിക്കും കുടിവെളളത്തിനും വേണ്ടതിന്‍റെ 70 ശതമാനം പോലും നൽകാൻ ഇപ്പോൾത്തന്നെ മലമ്പുഴയ്ക്കാകുന്നില്ല. എലപ്പുളളി, വടകരപ്പതി പ്രദേശങ്ങളിലേക്ക് മലമ്പുഴയിൽ നിന്ന് കുടിവെളളമെത്തിക്കാൻ നിലവിൽ പദ്ധതിയുണ്ട്. ഇതിന്‍‌റെ മറവിൽ ബ്രൂവറിക്ക് വെളളം നൽകാൻ നീക്കമുണ്ടെന്നാണ് ആരോപണം.

പുതിയ ബ്രൂവറിക്ക് തൊട്ടടുത്താണ് സർക്കാരിന്‍റെ കീഴിലുളള മലബാർ ഡിസ്റ്റലറീസും പ്രവർത്തനം തുടങ്ങാനിരിക്കുന്നത്. വെളളമൂറ്റുന്ന 13 കുപ്പിവെളള കമ്പനികൾ ഈ മേഖലയിൽ ഇപ്പോൾത്തന്നെയുണ്ട്. ബ്രൂവറിയും ഡിസ്റ്റലറിയും വരുന്നതോടെ കിഴക്കൻമേഖല സമ്പൂർണ്ണ വരൾച്ചയിലേക്കെത്തുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കോക്കകോളയ്ക്കെതിരെ ഐതിഹാസിക സമരം നടന്ന കഞ്ചിക്കോടിന് സമീപമാണ് എലപ്പുള്ളി.

Leave a Reply

Your email address will not be published. Required fields are marked *