യൂറോപ്യന്‍യാത്ര കൊണ്ട് ലക്ഷ്യമിട്ടതിനെക്കാള്‍ ഗുണം കേരളത്തിനുണ്ടായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യൂറോപ്യന്‍യാത്ര കൊണ്ട് ലക്ഷ്യമിട്ടതിനെക്കാള്‍ ഗുണം കേരളത്തിനുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പഠനഗവേഷണം മുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതുവരെ യാത്രയിലൂടെ ലക്ഷ്യമിട്ടു. സംസ്ഥാനത്ത് വിദേശനിക്ഷേപം വരും. യാത്രയിലൂടെ പുതിയ പലകാര്യങ്ങളും പഠിക്കാനും വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് വലിയ നിക്ഷേപങ്ങള്‍ ഉറപ്പാക്കാനും സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ നിന്നും മറ്റുമായി കൂടുതല്‍ പേര്‍ക്ക് യൂറോപില്‍ തൊഴിലവസരം ഒരുക്കാനും പ്രവാസിക്ഷേമത്തിനും സാധിച്ചു. ഇക്കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞ നേട്ടമുണ്ടാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു.

ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദര്‍ശിച്ചത്. ലോക കേരളസഭയുടെ യൂറോപ്യന്‍യുകെ മേഖലാ സമ്മേളനത്തില്‍ ഒക്‌ടോബര്‍ ഒന്‍പതിന് പങ്കെടുത്തു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായി. ആരോഗ്യമേഖലയില്‍ പ്രൊഫഷണലുകളുടെ കുടിയേറ്റം ഈ രാജ്യങ്ങളിലേക്ക് സാദ്ധ്യമാക്കാന്‍ നോര്‍ക്ക വഴി അവസരമൊരുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനുണ്ട്.

3000 ഒഴിവുകളിലേക്ക് അടുത്തമാസം മലയാളികള്‍ക്ക് അവസരമൊരുക്കും. നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് കൂടാതെ മറ്റ് മേഖലയിലെ പ്രൊഫഷണലുകള്‍ക്കും യുകെയില്‍ കുടിയേറ്റം സാദ്ധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസാ തട്ടിപ്പ്, മനുഷ്യതട്ടിപ്പ് ഇവ തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ ഗിഫ്റ്റ് സിറ്റിയില്‍ വെയില്‍സിലെ നിക്ഷേപക വാഗ്ദ്ധാനം ലഭിച്ചു. പ്രകൃതി ദുരന്തം തടയാനും മത്സ്യബന്ധന മേഖലയ്ക്കും നോര്‍വെയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *