കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌: നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നല്‍കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കേരള ബാങ്കില്‍ നിന്നടക്കം വായ്പ എടുത്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. പണം തിരിച്ചു കിട്ടാനുള്ള മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കാനും നിക്ഷേപ തുക മുഴുവനും തിരിച്ചു നല്‍കാനും യോഗം തിീരുമാനിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാര്‍ക്ക് പണം തിരികെ നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2021 ജൂലായിലാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ 312 കോടിയിലധികം രൂപ തട്ടിയെടുത്ത വാര്‍ത്ത പുറത്തുവന്നത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ ബാങ്കില്‍ കണ്ടെത്തിയിരുന്നു. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *