നിയമസഭാ കൈയ്യാങ്കളി കേസ്: സ്പീക്കറുടെ കസേര താന്‍ വലിച്ചെറിഞ്ഞില്ലെന്ന് ഇ.പി.ജയരാജന്‍ കോടതിയില്‍

തിരുവനന്തപുരം: നിയമസഭയില്‍ അക്രമം നടന്ന സമയത്ത് താന്‍ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞെന്ന പ്രോസിക്യൂഷന്‍ വാദം ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കോടതിയില്‍ നിഷേധിച്ചു.

കുറ്റപത്രം വായിച്ചു കേട്ടപ്പോഴായിരുന്നു ഇത്. ജയരാജനും കെ ടി ജലീലും ചേര്‍ന്ന് സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്നെന്നും സ്പീക്കറുടെ കസേര അസംബ്ലി ഹാളിലേക്ക് വലിച്ചെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് കുറ്റപത്രം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.

സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളുടെ സിഡി പോലീസ് പ്രതികള്‍ക്ക് കൈമാറി. കേസില്‍ പ്രോസിക്യൂഷന്‍ ഇതുവരെ ഏതെല്ലാം രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഏതെല്ലാം സാക്ഷികളെയാണ് വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്നതുമടക്കം വിവരങ്ങള്‍ കാണിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു.

ജയരാജന് പുറമെ, മന്ത്രി വി ശിവന്‍കുട്ടി, മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, കെ ടി ജലീല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ജയരാജന്‍ ഒഴികെയുള്ള പ്രതികളുടെ കുറ്റപത്രം ഈ മാസം 14 ന് കോടതി വായിച്ചു കേള്‍പ്പിക്കുകയും പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് ജയരാജന്‍ ഹാജരാകാതിരുന്നതിനാല്‍ കോടതി മറ്റൊരവസരം നല്‍കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *