ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം: 8 മരണം; ഒന്‍പത് പേര്‍ക്ക് പരിക്ക്.

ഹൈദരാബാദ്: തെലങ്കാനയില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം. സെക്കന്തരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഷോറൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിന്റെ മുകളിലെ ഹോട്ടലില്‍ താമസിച്ചിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ചോളം അതിഥികള്‍ താമസിച്ചിരുന്ന ഹോട്ടിലിലേയ്ക്കും തീ പകരുകയായിരുന്നു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.കൂടുതല്‍ പേരും പുകകാരണം ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഗാന്ധി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മെഹ്മൂദ് അലി പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *