ഷാജഹാന്‍ വധക്കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്‍ വധക്കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ നവീന്‍, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഷാജഹാന്‍ വധക്കേസിലെ പ്രതികളില്‍ ചിലര്‍ പഴയ സിപിഎമ്മുകാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് ഷാജഹാനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വാനാഥ് പറഞ്ഞു. 2019 മുതല്‍ പ്രതികള്‍ക്ക് ഷാജഹാനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതില്‍ പ്രതികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ചില പ്രതികള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നു. ആദ്യം ഷാജഹാനോട് അകല്‍ച്ചയായിരുന്നു. പിന്നീടത് ശത്രുതയിലെത്തി. നവീന്‍ എന്ന പ്രതി രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തതും ശത്രുത കൂട്ടി. രാഷ്ട്രീയ കൊലപാതകമാണോയെന്ന് പരിശോധിച്ചുവരികയാണെന്നും എസ് പി പറഞ്ഞു.

കേസില്‍ എട്ട് പേരെയാണ് ആദ്യം പ്രതിചേര്‍ത്തത്. എന്നാല്‍ കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റ് ഉണ്ടാകും. ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *