തമിഴ്‌നാട്ടില്‍ ഗര്‍ഭിണിയായ യുവതിക്കു എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റി; മൂന്നു ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗര്‍ഭിണിയായ യുവതിക്കു എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റിയതായി പരാതി. വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മൂന്നിനാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു മൂന്നു ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം രക്തം നല്‍കിയപ്പോള്‍ ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവച്ചു. ഇതു കണ്ടെത്തുമ്പോഴേക്കും രക്തം ഗര്‍ഭിണിയായ യുവതിക്കു നല്‍കിയിരുന്നു.

പരിശോധിച്ചപ്പോള്‍ യുവതി എച്ച്‌ഐവി ബാധിതയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടു തവണയാണു വീഴ്ച സംഭവിച്ചിരിക്കുന്നത്. യുവാവിന്റെ രക്തമെടുത്ത ലാബ് ടെക്‌നീഷ്യന്‍ എച്ച്‌ഐവി പരിശോധിച്ചിട്ടില്ലെന്നു സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുവാവിന് ചികില്‍സ ഉറപ്പാക്കിയതായും തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍.മനോഹരന്‍ പറഞ്ഞു.
യുവതിക്കും ഭര്‍ത്താവിനും ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു വഴിയോ രക്തത്തിലൂടെയോ ഗര്‍ഭാവസ്ഥയിലോ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതു വഴിയോ മാത്രമാണു എച്ച്‌ഐവി പകരാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *