അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

ന്യൂഡല്‍ഹി : കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.

പോലീസ് അന്വേഷണത്തോട് എന്‍ ടി എ സഹകരിക്കും. എന്‍ ടി എ സ്വന്തം നിലക്കും അന്വേഷണം നടത്തും. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ലഭിച്ചതെന്ന് എന്‍ ടി എ മേധാവി വിനീത് ജോഷി പ്രതികരിച്ചു. പരീക്ഷാ സമയത്തോ, അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ടും എന്‍ ടി എ നിരീക്ഷകനും കോര്‍ഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്ത് നല്‍കി. എന്‍ ടി എ ഡ്രസ് കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. ആരോപണം തെറ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോര്‍ഡിനേറ്റര്‍ എന്‍ ടി എക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

നാണംകെട്ട സംഭവമാണ് നടന്നതെന്നും വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എം പിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധരനും ഹൈബി ഈഡനും അറിയിച്ചു. എം പിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *