തക്കാളി ഒരു ഉഷ്ണകാല സസ്യം

ക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്.

മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കുന്നു. ശരത്‌വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍-ജൂലൈ മാസങ്ങളിലും, വസന്തകാലവേനല്‍ക്കാല വിളകള്‍ക്കായി നവംബര്‍ മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകല്‍ ഉപയോഗിച്ചണ് കൃഷി നടത്തുന്നത്. തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം. വിത്തുപാകി കിളിര്‍ത്ത് ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ നടാന്‍ പാകമാകും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.

വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത് സെന്റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിനു മുമ്പ് ഒരു സെന്റിന് 325ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെര്‍ക്കണം. തൈ നട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുമ്പോള്‍165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാം.

തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.

തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയല്‍ വാട്ടമാണ്. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ‘ശക്തി’ എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

Leave a Reply

Your email address will not be published. Required fields are marked *